ജീപ് കോമ്പസിനെ തകർക്കാൻ പുതിയ ടാറ്റ H5X

പ്രതീക്ഷകൾ വാനോളം ഉയർത്തി വീണ്ടും ടാറ്റ. ടാറ്റയുടെ പുതിയ H5X എസ്‌യുവിയിൽ വമ്പൻ പ്രതീക്ഷകളാണ് വിപണിയ്ക്ക് നൽകുന്നത്. 2018 ഓട്ടോ എക്‌സ്‌പോയിൽ ഭീമൻ എസ്‌യുവിയെ ടാറ്റ കാഴ്ചവെച്ചപ്പോൾ കാഴ്ച്ചക്കാർ ഒന്നടങ്കം അമ്പരന്നു. ടാറ്റയ്ക്ക് ഇതെന്തു പറ്റി, പഴയ ഇൻഡിക്ക രൂപങ്ങൾ എവിടെയുമില്ല. ലോകോത്തര മോഡലുകളോട് കിടിപിടിക്കുന്ന രൂപകൽപന. H5X, 45X, ഇ വിഷൻ സെഡാൻ കോൺസെപ്റ്റുകളെ കണ്ട മാത്രയിൽ വിപണി മന്ത്രിച്ചു, ടാറ്റ പഴയ ടാറ്റയല്ല!

ആൾക്കൂട്ടത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്ന വിധത്തിലാണ് പുതിയ ടാറ്റ കാറുകളുടെ രൂപവും ഭാവവും. കൂട്ടത്തിൽ ആദ്യം വരിക H5X എസ്‌യുവി. മോഡൽ പിന്തുടരുക കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈൻ 2.0 ശൈലി. കോൺസെപ്റ്റ് രൂപത്തിൽ നിന്നും വലിയ മാറ്റങ്ങൾ പ്രൊഡക്ഷൻ പതിപ്പിന് സംഭവിക്കില്ലെന്ന് ടാറ്റ സൂചന നൽകി കഴിഞ്ഞു. നെക്‌സോണിലും, ടിഗോറിലും, ടിയാഗൊയിലും ടാറ്റ വാക്കു പാലിച്ചു.

H5X ലും കമ്പനി പ്രതീക്ഷ തെറ്റിക്കില്ലെന്നു ജനത വിശ്വസിക്കുന്നു. എക്‌സ്‌പോയിൽ കണ്ടതു പോലെ പക്വതയുള്ള പരുക്കൻ ഭാവമായിരിക്കും വരാനുള്ള ടാറ്റ H5X ന്. തുടരെ ക്യാമറയ്ക്ക് മുന്നിൽപ്പെടുന്ന എസ്‌യുവി ടാറ്റയുടെ മുന്നൊരുക്കങ്ങൾ സമയാസമയം വെളിപ്പെടുത്തുകയാണ്. പുതിയ ചിത്രങ്ങളും ഈ പതിവു തെറ്റിക്കുന്നില്ല. ഹൈ ആൾറ്റിട്യൂഡ് ടെസ്റ്റിന് ഇറങ്ങിയ ടാറ്റ എസ്‌യുവിയാണ് ഇക്കുറി ചിത്രങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *