മലയാളികളുടെ പ്രിയ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ തിരിച്ചുവരുമ്പോൾ
ഓരോ മലയാളിയും ഇപ്പോൾ പറയുകയാണ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനവും അറ്റ്ലസ് രാമചന്ദ്രൻ നായരും ഉയിർത്തെഴുന്നേൽക്കും. ചാരത്തിൽ നിന്നും പാറിപ്പറന്ന ഫീനിക്സ് പക്ഷിയെപ്പോലെ.
ഏതൊരു മനുഷ്യനും ഉയർച്ചയും താഴ്ചയും ഉണ്ടാകാം… പക്ഷെ ഒരു മലയാളി തകരുന്നതു കണ്ട് വേദനയോടെ നാം ആ വാർത്തകൾ കേട്ടിരുന്നു. തങ്ങളുടെ വളർച്ചയ്ക്കുവേണ്ടി കണ്ണിൽ ചോരയില്ലാതെ പ്രവർത്തിക്കുന്ന മുതലാളിമാരെ കുറിച്ചേ മലയാളിക്കറിയൂ. പത്രങ്ങളിൽ മഹാന്മാരായി വിലസുമ്പോഴും തനി നിറം അറിയുന്നവർ നിശബ്ദം മൗനം പാലിക്കുകയാണ് പതിവ്. അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. മലയാളികൾക്ക് കേവലമൊരു ബിസിനസുകാരൻ മാത്രമായിരുന്നില്ല അറ്റ്ലസ് രാമചന്ദ്രൻ. സാഹിത്യവും സിനിമയും പ്രകൃതിയുമെല്ലാം തന്റെ ജീവൻ തന്നെ എന്നു കരുതുന്ന ഒരു മനുഷ്യ സ്നേഹികൂടിയായിരുന്നു. യു എ ഇയിലെ സാംസ്കാരിക സദസ്സുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. തന്റെ സ്വന്തം വീട്ടിൽ പോലും സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു.
അറ്റ്ലസ് രാമചന്ദ്രനെ ഒരുപാട് കാലങ്ങൾക്ക് ശേഷം ഷാർജ ഇന്റനാഷണൽ ബുക്ക് ഫെയറിൽ, ഷാർജ നാഷണൽ മീഡിയ സംഘടിപ്പിച്ച ശ്രീ ശശി തരൂർ പ്രോഗ്രാമിൽ കണ്ടുമുട്ടിയപ്പോഴും പഴയ ഊർജസ്വലത ഒട്ടും കുറഞ്ഞിരുന്നില്ല. ഇന്നും മനസ് തകരാതെ പുഞ്ചിരിയോടെ കൂടി ഇവിടെ തന്നെയുണ്ടെന്നും മലയാളികളുടെ പൂർണ പിന്തുണ ഇനിയും ആവശ്യമാണെന്നും രാമചന്ദ്രൻ മെട്രോജേർണലിനോട് പറഞ്ഞു. മലയാളികളേയും കലയെയും പുസ്തകത്തെയും ഇത്രയേറെ സ്നേഹിക്കുന്ന ആ മനുഷ്യ സ്നേഹിയെ ബുക്ക് ഫെയർ കണ്ടില്ലെങ്കിൽ പിന്നെ എവിടെ കാണാനാണ്.
മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ ജന്മദിനത്തിലും രാമചന്ദ്രന്റെ ദുബായിലെ വീട്ടിൽ നിരവധി പേർ എത്തുമായിരുന്നു. ജീവിതത്തിൽ പരീക്ഷണങ്ങളേറെ നേരിട്ട വ്യക്തിയാണ് രാമചന്ദ്രൻ നായരെങ്കിലും അപ്രതീക്ഷിതമായി അദ്ദേഹം ജയിലിൽ ആയപ്പോൾ കുടുംബത്തിനു മാത്രമല്ല ഓരോമലയാളികൾക്കും അതൊരു നടുക്കമായി.
വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രൻ കെട്ടിപൊക്കിയതായിരുന്നു അറ്റ്ലസ് എന്ന ജ്വല്ലറി സാമ്രാജ്യം. കള്ളവും ചതിയുമില്ലാതെ സ്വർണം വാങ്ങാൻ മലയാളികൾ അറ്റ്ലസിലേക്ക് ഒഴുകി. സ്വർണ്ണക്കച്ചവടം പൊടിപൊടിക്കുമ്പോഴും അറ്റ്ലസ് രാമചന്ദ്രൻ മലയാളിക്ക് മുന്നിൽ വിനയത്തോടെ എത്തി. വിശ്വസ്തതയുടെ സ്വന്തം സ്ഥാപനാണ് അറ്റ്ലസ് എന്ന് മലയാളിക്ക് പറഞ്ഞ് ഉറപ്പിച്ചു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായെത്തി ഇടപാടുകാരെ ആകർഷിക്കാനും അത് നിലനിർത്താനും രാമചന്ദ്രനായത് സ്വർണ്ണത്തിന്റെ വിശ്വാസ്യത കൊണ്ട് കൂടിയാണ്. കള്ളക്കടത്ത് സ്വർണ്ണമെത്തിച്ച് നാട്ടിൽ കോടികളുണ്ടാക്കുന്ന കച്ചവട തന്ത്രങ്ങളൊന്നും രാമചന്ദ്രൻ പയറ്റിയിരുന്നില്ല. ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മയായിരുന്നു ഈ മുതലാളി നിറച്ചത്. അതുകൊണ്ട് കൂടിയാണ് രാമചന്ദ്രന്റെ വീഴ്ചയിൽ മലയാളിയും ദുഃഖിക്കുന്നത്.
പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ ജനിച്ചത്. കുവൈത്തിൽ ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ നായരുടെ തുടക്കം. പലരിൽ നിന്നായി ഓഹരി സമാഹരിച്ച് കുവൈത്തിൽ തുടങ്ങിയ ജ്വല്ലറിയിൽ നിന്നാണ് അദ്ദേഹം വളർന്നത്. കുവൈത്തിലാണ് ആദ്യ ജ്വല്ലറി തുടങ്ങിയതെങ്കിലും പിന്നീട് വ്യാപാര ശൃംഘല യു എ ഇയിലേക്ക് വ്യാപിപ്പിച്ചു. 1981ലായിരുന്നു ഇത്. 1988ൽ ദുബൈയിലും ജ്വല്ലറി തുറന്നു. പിന്നീട് ഗൾഫ് രാജ്യങ്ങളില്ലെല്ലാം അറ്റ്ലസ് ജ്വല്ലറി പ്രശസ്തി നേടുകയായിരുന്നു.
പ്രവാസികൾക്ക് ഏറെ സഹായങ്ങൾ ചെയ്യുമായിരുന്ന അറ്റലസ് രാമചന്ദ്രൻ അവർക്കിടയിൽ ഏറെ വിശ്വസ്തനും പ്രിയങ്കരനുമായി. ഒരു ബിസിനസ്സുകാരൻ എന്നതിനപ്പുറത്തേക്ക് ഒരു സാംസ്കാരിക പ്രവർത്തകൻ കൂടി ആയിരുന്നു അറ്റ്ലസ് രാമചന്ദ്രൻ നായർ വൈശാലി ഉൾപ്പെടെ ഒരുപിടി നല്ല സിനിമകളുടെ നിർമാതാവായിരുന്നു. നടനായും അദ്ദേഹം വെള്ളിത്തിരയിൽ എത്തി. വൈശാലി, വസുന്ധര, ധനം, സുകൃതം എന്നീ ചിത്രങ്ങൾ നിർമിച്ച അദ്ദേഹം യൂത്ത് ഫെസ്റ്റിവൽ, അറമ്പിക്കഥ, 2 ഹരിഹർ നഗർ, ബാല്യകാല സഖി തുടങ്ങിയ ഒൻപതോളം ചിത്രങ്ങളിലും അഭിനയിച്ചു. 2010 ൽ ഹോളിഡേയ്സ് എന്ന് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.