വസ്ത്രങ്ങളിൽ കോഴിക്കോടിന്റെ മുദ്ര ‘ഡിസൈൻസ്’
കമ്മത് ലൈനിലെ ചെറിയ ഒരു ടൈലറിങ് ഷോപ്പിൽ നിന്നും റാം മോഹൻ റോഡിലെ മലബാർ ഗോൾഡിന് മുന്നിലുള്ള ഡിസൈൻസിന്റെ വലിയ ഷോറൂമിലേക്കുള്ള വഴി ഒരിക്കലും എളുപ്പ വഴിയായിരുന്നില്ല. ഈ വിജയഗാഥക്കു പിന്നിൽ ജാബിദിന്റെയും ലിലിയുടേയും ദീർഘ കാലത്തെ ശ്രമങ്ങളും സ്ഥിരോത്സാഹവുമുണ്ട്.
കോഴിക്കോടാണ് പിറവിയെങ്കിലും റഷ്യ വരെ വിശാലമാണ് ഡിസൈൻസിന്റെ പെരുമ. എവിടെയൊക്കെ കോഴിക്കോട്ടുകാരെത്തിയോ അവിടെയൊക്കെയും ‘ഡിസൈൻസും’ എത്തിയിട്ടുണ്ട്, റഷ്യയിലെ നിരവധി ഹോട്ടലുകൾ റിസോർട്ടുകൾ തുടങ്ങിയവയുടെ പ്രത്യേക യൂണിഫോമുകളുടെ രൂപഭംഗിയുടെ ഉറവിടം കോഴിക്കോട്ടെ ഈ ഇരുവരിലാണെന്നത് ഏവർക്കും അഭിമാനം. രണ്ടു പതിറ്റാണ്ടു നീണ്ട വ്യാപാര ഉപഭോക്തൃ സൗഹൃദം.
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം മാനേജ്മെന്റിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ ബിരുദം നേടിയാണ് ലിലി ഡിസൈനിങ് രംഗത്തേക്ക് കടക്കുന്നത്. പിന്നീട് വിവാഹ ശേഷം ജാബിദും
ലിലിയും ഒരുമിച്ചപ്പോൾ അത് വളർച്ചയുടെ വഴികളിൽ ഇരുവർക്കും കരുത്തായി.
കല്യാണത്തിന് മുമ്പ് മുതൽ താൻ ഈ രംഗത്ത് സജീവമായിരുന്നെന്നു ലിലി പറയുന്നു. സ്ത്രീകളുടെ താത്പര്യമനുസരിച്ചു ഏതു ഡിസൈൻ പറഞ്ഞാലും അത് ഭംഗിയായി ചെയ്തു കൊടുക്കുന്നതിലാണ് ലിലിയുടെ വൈഭവം. ഏതു പ്രധാന ഡിസൈനറുടെ മോഡൽ വസ്ത്രങ്ങൾ പറഞ്ഞാലും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ തയ്യാർ. അതാണ് ഡിസൈൻ പെരുമക്ക് എന്നും തുണ. സിനിമാ രംഗവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ആവശ്യങ്ങൾ, ഫിലിം ഫെയർ അവാർഡ് പോലുള്ള പ്രോഗ്രാമുകൾ, വിവാഹചടങ്ങുകൾ, പ്രമുഖ ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും അന്താരാഷ്ട്ര നിലവാരമുള്ള വസ്ത്രവിധാനങ്ങൾ, നിരവധി ജോലിക്കാരും രണ്ടു യൂണിറ്റുകളുമായി ജാബിദും ലിലിയും തിരക്കിലാണ്. പ്രമുഖരായ നിരവധി വസ്ത്രാലയങ്ങൾ ഏറെ കാലമായി ഡിസൈൻസിന്റെ ഇടപാടുകാരാണ്. വിവാഹ വസ്ത്രങ്ങളുടെ പുതുമകളാണ് ആളുകളെ ഡിസൈൻസിലേക്കു ആകർഷിക്കുന്ന പ്രധാന ഘടകമത്രെ. ഒരിക്കൽ വന്നവർ വീണ്ടും വീണ്ടും വരുന്നു. ചുണ്ടിൽ നിന്നും കാതിലേക്ക് പകർന്നു പകർന്നു പോകുന്ന പ്രചാരം. അതിലാണ് ആദ്യ കാലം മുതൽ ജാബിദിന് താൽപര്യം.
ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള തുണി തിരഞ്ഞെടുക്കാം. അത് ഡൈ ചെയ്തു ഏതു കളറിലും ഇഷ്ടമുള്ള ഹാൻഡ് വർക്കുകൾ ഭംഗിയായി ചെയ്തുകൊടുക്കും. എന്ത് വില നൽകാനും എത്ര കാത്തിരിക്കാനും അവർ തയ്യാർ. ഞങ്ങളുടെ ഉപഭോക്താക്കളാണ് ഞങ്ങളുടെ ശക്തി എന്ന് പറയുമ്പോൾ ജാബിദിനും ലിലിക്കും ഒരേ സ്വരം. വസ്ത്ര ഡിസൈനിംഗുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യം. ഇഷ്ടമുള്ള തുണി ഡൈ ചെയ്തു എല്ലാതരം ഹാൻഡ് വർക്കുകളും ഏറ്റവും നന്നായി ഇവിടെ ചെയ്യുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു തന്നെ വിവിധയിനം വസ്ത്രങ്ങളുണ്ട്.
പതിനായിരം മുതൽ ഒരു ലക്ഷം വരെ നീളുന്ന വില വരും അത്തരം സ്പെഷ്യൽ വസ്ത്രങ്ങൾക്ക്. മനീഷ് മൽഹോത്ര, റിതു കുമാർ. സബ്യസാചി മുഖർജി തുടങ്ങി നിരവധി ലോകപ്രശസ്ത ഡിസൈനർമാരുടെ പുത്തൻ പരീക്ഷണങ്ങൾക്ക് വലിയ ഡിമാൻഡാണ് ഇവിടെയും. അങ്ങനെയാണ് വലിയ പരസ്യങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ഹോർഡിങ്ങുകളും ഒന്നുമില്ലാതെ ‘ഡിസൈൻസ്’ എന്ന സ്ഥാപനം വളർന്നു വളർന്നു പോയത്. ഇത്തരത്തിലുള്ള വിജയത്തിലാണ് തനിക്കു താത്പര്യമെന്ന് ജാബിദ്. 1999ൽ സ്ഥാപനം തുടങ്ങിയ ശേഷം പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. ഇപ്പോൾ പുതിയ സംരംഭങ്ങളിലേക്കും പുതിയ ഷോറൂമിലേക്കുമുള്ള സ്വപ്നങ്ങളിലാണ് ഇരുവരും.