ഗൂഗിളും പ്രതിസന്ധിയിലായതിങ്ങനെ
മറ്റ് കോർപ്പറേറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി സ്വപ്ന തുല്യമായ വളർച്ചയായിരുന്നു ഗൂഗിളിന്റേത്. ഒരു ടെക് സ്റ്റാർട്ടപ്പ് എന്ന നിലയിൽ നിന്നും ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഇന്റർനെറ്റ് ഭീമനായുള്ള ഗൂഗിളിന്റെ വളർച്ച അസൂയാവഹം ആയിരുന്നു. എന്നാൽ മറ്റ് തൊഴിലിടങ്ങളിലെ പോലെ തന്നെ സ്ത്രീകൾക്ക് ഇവിടെയും പ്രശ്നങ്ങളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരക്കണക്കിന് ഗൂഗിൾ ജീവനക്കാർ ഓഫീസുകളിൽ നിന്ന് വാക്ക്ഔട്ട് നടത്തി കമ്പനിക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി. ലൈംഗിക വിവാദങ്ങളിലകപ്പെട്ട ചില എക്സിക്യൂട്ടിവുകളെയും ആ വിഷയങ്ങളെയും ഗൂഗിൾ കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ചായിരുന്നു ആ വാക്ക് ഔട്ട്.
ലൈംഗിക ആരോപണങ്ങളുടെ പേരിൽ, ഗൂഗിളിന്റെ മൊബീൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് വികസിപ്പിച്ച ആൻഡി റൂബിന് കമ്പനിയിൽ നിന്ന് പുറത്തുപോകേണ്ടി വന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഗൂഗിൾ മറച്ചുവെക്കുകയും അയാൾക്ക് 90 മില്ല്യൺ ഡോളറിന്റെ എക്സിറ്റ് പാക്കേജും നൽകുകയും ചെയ്തു.
ഒരു ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റൂബിന് പുറത്തുപോകേണ്ടി വന്നത്. ലൈംഗിക ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് കണ്ട് പുറത്താക്കുന്ന ജീവനക്കാർക്ക് കമ്പനി എന്തിന് ഇത്രയും വലിയ എക്സിറ്റ് പാക്കേജുകൾ നൽകണമെന്ന ചോദ്യം വിവിധാ ഭാഗങ്ങളിൽ നിന്നും ഉയർന്നു. ഗൂഗിൾ പോലൊരു കമ്പനി ഇത്തരം കാര്യങ്ങളിൽ കുറച്ചു കൂടി കരുതലെടുക്കണമെന്നും പലഭാഗത്തു നിന്നും അഭിപ്രായമുയരുന്നുണ്ട്. അല്ലെങ്കിൽ മറ്റേതൊരു കമ്പനിയെയും പോലെയുള്ള സ്ഥാനമേ ജനം ഗൂഗിളിനും നൽകൂവെന്ന മുന്നറിയിപ്പുമുണ്ട്.