റിലയൻസ് ജിയോ വിളവെടുക്കാൻ ഒരുങ്ങുന്നു: ഫിച്ച് റേറ്റിംഗ്സ്
ന്യൂഡെൽഹി: നിലവിലെ ടെലികോം കമ്പനികൾക്ക് വെല്ലുവിളകൾ ഉയർത്തിയായിരുന്നു ജിയോയുടെ കടന്നുവരവ് . ഓഫറുകളും നിരക്കിളവുംകളും നൽകി ഇവർ ഉപഭോക്താക്കളെ കൈയിലെടുത്തു. ഇതോടെ മറ്റു കമ്പനികളും കൂടുതൽ നിരക്കിളവുകളും ഓഫറുകളും ഉപഭോക്താക്കൾക്കായി നൽകാൻ തുടങ്ങി. ഉപഭോക്താക്കൾക്കും ഏറെ ആശ്വാസകരമായിരുന്നു ഇത്. എന്നാൽ ശക്തമായ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കപ്പെട്ടതോടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ തങ്ങളുടെ നിക്ഷേപത്തിൽ നിന്നുള്ള നേട്ടം കൊയ്യാൻ ഒരുങ്ങുകയാണെന്ന് ഫിച്ച് റേറ്റിംഗ്സ് പറയുന്നു.
സെപ്റ്റംബറിൽ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 25.2 കോടിയായിരുന്നു. 30 ശതമാനം വിപണി വിഹിതം നേടുന്നതോടെ അടുത്ത വർഷം കമ്പനി വേട്ടക്കാരനിൽ നിന്നും കർഷകൻ എന്ന സമീപനത്തിലേക്ക് മാറുമെന്ന് ഫിച്ച്, എഷ്യാ പസഫിക് കോർപ്പറേറ്റ് റേറ്റിംഗ്സ് ഡയറക്റ്റർ നിതിൻ സോണി പറയുന്നു. 40 ബില്യൺ ഡോളർ നിക്ഷേപത്തിൽ നിന്നും മുടക്കുമുതൽ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിതെന്നും നിതിൻ സോണി വ്യക്തമാക്കുന്നു. 2016 സെപ്റ്റംബറിൽ ജിയോ എത്തിയതോടെ ടെലികോം മേഖലയുടെ മൊത്തം വ്യാവസായിക വരുമാനം 30 ശതമാനത്തിലധികം താഴ്ന്നു. കുറഞ്ഞ നിരക്കിലുള്ള ഡാറ്റ താരിഫുകൾ കമ്പനികളുടെ പ്രവർത്തനലാഭം കുറയ്ക്കുന്നു. എന്നിരുന്നാലും ഫിച്ച് റേറ്റിംഗ് പ്രകാരം 2019ൽ ടെലികോം മേഖല സ്ഥിരത കൈവരിക്കും. താരിഫുകളിൽ 3 മുതൽ 5 ശതമാനം വരെ വളർച്ചയുണ്ടാക്കുമെന്ന് ഫിച്ച് ചൂണ്ടിക്കാണിക്കുന്നു.