രാജ്യമെങ്ങും ജിയോ തരംഗം; എയർടെല്ലിനെയും പിന്തള്ളി

രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ എയർടെലിനെ പിന്തള്ളി റിലയൻസ് ജിയോ രണ്ടാംസ്ഥാനത്ത് എത്തി. സേവനം ലഭ്യമാക്കി വെറും രണ്ടര വർഷം പിന്നിടുമ്പോഴാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. വരിക്കാരുടെ എണ്ണത്തിൽ നേതൃസ്ഥാനം സ്വന്തമാക്കുന്നതിന് ഇനി ജിയോയ്ക്ക് മുന്നിലുള്ള ഏക വെല്ലുവിളി വോഡഫോൺ ഐഡിയ മാത്രമാണ്. 2018 ഡിസംബറിലെ കണക്ക് പ്രകാരം 30.6 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഭാരതി എയർടെലിന്റെ വരിക്കാരുടെ എണ്ണം 28.4 കോടിയാണ്. വോഡഫോൺ ഐഡിയ ലിമിറ്റഡിന് 38.7 കോടി ഉപയോക്താക്കളാണുള്ളത്.

അധികം വൈകാതെ തന്നെ ജിയോ വോഡഫോൺ ഐഡിയയെയും മറികടക്കാനാണ് സാധ്യത. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയർടെലിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത് വോഡഫോണിന്റേയും ഐഡിയയുടെയും ലയനമാണ്. ലയനത്തോടെ വോഡഫോൺ ഐഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ ഒന്നാമതായി. ജിയോ വന്നതിന് ശേഷം ഭാരതി എയർടെൽ ഉൾപ്പെടെ രാജ്യത്തുണ്ടായിരുന്ന ടെലികോം സേവനദാതാക്കളെല്ലാം പരുങ്ങിലായിരുന്നു. പലരും വിപണിയിൽ നിന്നും പിൻമാറുകയ പോലുമുണ്ടായി.
ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ ടെലികോം വിപണി അടക്കി വാണിരുന്നത് സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ ആണ്. ഈ പ്രതാപമാണ് വെറും രണ്ടര വർഷംകൊണ്ട് ജിയോ ഇല്ലാതാക്കിയത്. 2016 സെപ്റ്റംബറിൽ അതിഭീമമായ വിലക്കുറവിൽ ഡേറ്റാ, വോയ്‌സ്‌കോൾ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചാണ് റിലയൻസ് ജിയോ ഇന്ത്യൻ വിപണി പിടിച്ചടക്കിയത്. സമ്പൂർണമായും 4ജി സേവനങ്ങൾ മാത്രം നൽകുകയും ചെയ്തു. അഭൂതപൂർവ്വമായ വളർച്ചയാണ് ജിയോയുടേതെന്നും ആകർഷകമായ താരിഫ് പ്ലാനുകളിലൂടെ വരിക്കാരുടെ എണ്ണത്തിൽ മുന്നിലെത്താൻ ജിയോയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൺസൾട്ടൻസി സംരംഭമായ ഫിൻഎക്‌സ്‌പ്രോസ് സിഇഒ മോഹൻ ശുക്ല വ്യക്തമാക്കി.

ത്വരിതഗതിയിലാണ് ജിയോ വരിക്കാരെ കൂട്ടിച്ചേർക്കുന്നത്. ഇതേ വേഗതയിൽ എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും വരിക്കാരെ നഷ്ടമാകുകയും ചെയ്യുന്നു. 2019 ജനുവരിമാർച്ച് പാദത്തിൽ 2.7 കോടി പുതിയ വരിക്കാരെയാണ് ജിയോ കൂട്ടിച്ചേർത്തതെന്നാണ് ജെപി മോർഗന്റെ റിപ്പോർട്ട്. ഇന്റർനെറ്റ് ഉപയോക്താക്കളെ ആകർഷിക്കുന്നതിലും ശക്തമായ മുന്നേറ്റമാണ് ജിയോ നടത്തുന്നത്. ഇന്റർനെറ്റ് സേവനങ്ങളോടെയുള്ള മൊബീൽ ഹാൻഡ്‌സെറ്റുകളും ഇതിനായി ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 2018ലെ പുതിയ 4ജി വരിക്കാരുടെ എണ്ണത്തിൽ 60 ശതമാനം പങ്കാളിത്തമാണ് ജിയോ കരസ്ഥമാക്കിയത്. മൊത്തം 4 ജി ഉപയോക്താക്കളിൽ 65 ശതമാനവും ജിയോയുടെ സംഭാവനയാണ്. മൊത്തം ഡാറ്റ ട്രാഫിക്കിൽ 61 ശതമാനം പങ്കാളിത്തമാണ് ജിയോയ്ക്കുള്ളത്. കൂടുതൽ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് റിലയൻസ് ജിയോ. അടുത്തിടെ ട്രായ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഡൗൺലോഡ് വേഗതയിൽ ഏറ്റവും മുന്നിലും ജിയോ തന്നെ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *