‘പവിഴങ്ങളുടെ രാജ്യത്തേക്ക്’ കവാടം തുറന്ന് ഷാർജ അൽ മുൻതസ പാർക്ക്

  • 12
    Shares

കാത്തിരിപ്പുകൾക്കു വിരാമമിട്ട് യാത്രാനുഭവത്തിന്റെ പുത്തൻ വിഭവങ്ങളുമായി ഷാർജ അൽ മുൻതസ പാർക്ക് വീണ്ടും പ്രവർത്തനമാരംഭിച്ചു. ‘പേൾ കിങ്ഡം’ എന്ന് പേരിട്ടിരിക്കുന്ന പാർക്കിലെ വാട്ടർ തീം പാർക്കാണ് സന്ദർശകർക്കായി വാതിൽ തുറന്നത്. നൂറു മില്യൺ ദിർഹം ചിലവഴിച്ച് നവീകരിച്ച പാർക്കിൽ പുത്തൻ റൈഡുകളും വിനോദങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു. ഒരേ സമയം 7,000 സന്ദർശകരെ ഉൾകൊള്ളാൻ പാകത്തിലുള്ളതാണ് പേൾ കിങ്ഡം. കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ യുഎഇയിലെ തന്നെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളിൽ ഒന്നാണിത്. ഷാർജ നഗരമധ്യത്തിൽ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നിൽക്കുന്ന പാർക്കിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനം കവരും.

പവിഴ ലോകത്തെ രാജകുമാരിയുടെ കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന പാർക്കിൽ 35 പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളിൽ മറഞ്ഞു നിൽക്കുന്ന നിധികൾ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടർ റൈഡുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾക്കും സുരക്ഷക്കും മുൻഗണന നൽകിയാണ് റൈഡുകളുടെ രൂപകൽപ്പന. മുതിർന്നവരെ സാഹസികതയുടെയും ആഘോഷത്തിന്റെയും ലോകത്തേക്ക് കൈപിടിക്കുന്ന റൈഡുകളുമുണ്ട്. ഒരേ സമയം 200 പേരെ ഉൾകൊള്ളുന്ന ‘വേവ് പൂൾ’, 100 കുട്ടികൾക്ക് ഒരേനേരം ആസ്വദിക്കാവുന്ന ‘കിഡ്‌സ് സ്ലൈഡ്’, ‘ഫ്‌ലയിങ് കാർപറ്റ്’, ‘മിസ്റ്ററി റിവർ’ തുടങ്ങി നിരവധി അനുഭവങ്ങൾ അൽ മുന്തസയെ വേറിട്ട് നിർത്തുന്നു. വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാർക്കിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

1000 പേരെ ഉൾക്കൊള്ളാവുന്ന രുചികേന്ദ്രത്തിനു പുറമെ പാർക്കിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വിഭവങ്ങളോടൊപ്പം ഐസ് ക്രീം, ഫാസ്റ്റ് ഫുഡ് തുടങ്ങി വന്നെത്തുന്നവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള രുചികളെല്ലാം ഇവിടെ ലഭ്യം. ”യുഎഇയിലെ വിനോദ സഞ്ചാര മേഖലയിലെ പുതിയ അധ്യായമാണ് ഷാർജയിൽ ഈ ഒരുങ്ങിയിരിക്കുന്നത്. കുടുംബ സമേതമുള്ള അവധിദിനങ്ങൾ ചിലവഴിക്കാനും ആഘോഷങ്ങൾക്കും ഒരുപോലെ അനുയോജ്യമായ ഇടം. ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന റൈഡുകൾ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. ലോകത്തെ തീം പാർക്ക് അസോസിയേഷനുകളുടെ അംഗീകാരവുമുണ്ട്. റൈഡുകൾക്കൊപ്പം പ്രേത്യേക പാക്കേജുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട് – അൽ മുൻതസ പാർക്ക് മാനേജർ ഖാലിദ് അൽ ഖസീർ പറയുന്നു.

ചൊവ്വാഴ്ചകൾ ‘ലേഡീസ് ഡേ’ ആയി ആചരിക്കുന്ന അൽ മുൻതസ പാർക്കിൽ അന്നേ ദിവസം വൈകുന്നേരം നാല് മുതൽ ആറു വരെ സുംബാ നൃത്തമൊരുങ്ങും. ആറു മുതൽ ഒൻപതു വരെ ഡീജെയും ആസ്വദിക്കാം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ തത്സമയ സംഗീത പരിപാടികളും ഒരുക്കുന്നു. അന്നേ ദിവസങ്ങളിൽ ഏഴു മുതൽ രാത്രി ഒൻപതു വരെ ഡീജെ സമയമാണ്. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തിലാണ് പാർക്കിന്റെ പ്രവർത്തനം. ‘ഐലൻഡ് ഓഫ് ലെജൻഡ്‌സ്’ എന്ന് പേരുള്ള പാർക്കിന്റെ രണ്ടാം ഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാവും. ഒൻപതു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ‘ടൈം ട്രാവൽ’ അനുഭവവും റൈഡുകളും വിനോദങ്ങളും ഒന്നിക്കുന്ന ഐലൻഡ് ഓഫ് ലെജൻഡ്സ് കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ പാർക്കിനു ഉൾക്കൊള്ളാവുന്ന സന്ദർശകരുടെ എണ്ണം 17000 ആയി വർധിക്കും. 26 റൈഡുകളാണ് രണ്ടാം ഘട്ടത്തിൽ പുതുതായി വരാൻ പോകുന്നത്. രാവിലെ പത്തു മുതൽ രാത്രി പത്തു വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. മുതിർന്നവർക്ക് 150 ദിർഹംസ്, കുട്ടികൾക്ക് 100 ദിർഹംസ്, എൺപതു സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് 50 ദിർഹംസ് എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പാർക്കിങ് സൗജന്യമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *