ദുബൈ എക്‌സ്‌പോ സെന്റർ രണ്ടു മാസം സ്‌പോർട് സിറ്റിയാകുന്നു

ദുബൈ: സാംസ്‌കാരിക പരിപാടികൾക്ക് പേരുകേട്ട ദുബൈ എക്‌സ്‌പോ സെൻറർ ഇനി കായിക പരിപാടികളുടെ ഉഗ്രൻ വേദിയായി മാറുന്നു. അതിനാൽ ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും കുട്ടികൾക്ക് ഈ വേനലവധിക്ക് ചൂടും പൊടിക്കാറ്റും പേടിച്ച് കളിമുടക്കേണ്ടി വരില്ല. ഏറ്റവും ഉചിതമായ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള സ്‌പോർട്‌സ് സിറ്റിയായി വരുന്ന രണ്ടു മാസക്കാലം എക്‌സ്‌പോ സെൻറർ പ്രവർത്തിക്കും. ജൂലൈ അഞ്ചു മുതൽ സെപ്റ്റംബർ എട്ടുവരെ കുട്ടികൾക്ക് താൽപര്യമുള്ള ഏതൊരു കായിക വിനോദം നടത്താനും ഇതിനുള്ളിൽ സൗകര്യമുണ്ടാവും.

എക്‌സ്‌പോ സെൻററും ഈദ് സ്‌പോർട്‌സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാർക്കറ്റിങ്ഫബിസിനസ് ഡവലപ്മൻെറ് മാനേജർ സുൽതാൻ മുഹമ്മദ് ഷത്താഫ് പറഞ്ഞു. കളിയിടങ്ങൾ, ട്രാക്കുകൾ, പിച്ചുകൾ, ഫിറ്റ്‌നസ് സൻെറർ എന്നിവയും വിദഗ്ധ കോച്ചുമാരുടെയും പരിശീലകരുടെയും മേൽനോട്ടവും ലഭ്യമാക്കും. ആറായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന കളിയിട സൗകര്യം കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഫലപ്രദമായി വിനിയോഗിക്കാനാകുമെന്ന് ഈദ് സ്‌പോർട്‌സ് സി.ഇ.ഒ മാജിദ് ബഷീർ വ്യക്തമാക്കി. പൊണ്ണത്തടിയും പ്രമേഹവും ഉൾപ്പെടെ ജീവിതശൈലി രോഗങ്ങൾക്ക് എതിരായ ചുവടുവെപ്പ് കൂടിയാകുമിത്.

ക്ലബുകൾ, ഗ്രൂപ്പുകൾ, അസോസിയേഷനുകൾ, കോർപ്പറേറ്റുകൾ എന്നിവക്കും ഇവിടെ സൗകര്യം ലഭിക്കും. വെളളിയാഴ്ച ഒഴികെ രാവിലെ 11 മുതൽ രാത്രി 11വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതലും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *