വിയോജിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു: അഡ്വ. ഹരീഷ്
ഷാർജ: ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ പോലും സാധാരണ പൗരന് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് ഹൈക്കോടതി അഭിഭാഷകനും ചെന്നൈ ദേശീയ ഗ്രീൻ ട്രൈബൂണലുമായ അഡ്വ.ഹരീഷ് വാസുദേവൻ.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ ലീഗൽ കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശവും നിയമ സംരക്ഷണവും ജനങ്ങൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് അധികാരമെന്നും അതിന് വേണ്ടിയാണ് ഭരണ കർത്താക്കൾ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജുഡീഷ്യൽ വ്യവസ്ഥിതിയെ പോലും വെല്ലുവിളിച്ച്, രാജ്യത്തെ പൗരന് വിയോജിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്നും എതിർക്കുന്നവരെ ഇല്ലാതാക്കുക എന്ന സ്ഥിതി രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്നും നിയമം ദുരുപയോഗപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ഭരണഘടനയെക്കുറിച്ചുള്ള അവബോധം സാധാരണ ജനങ്ങൾ നേടിയടുക്കണമെന്നും അഡ്വ. ഹരീഷ് പറഞ്ഞു.
യു എ ഇ പൊതുമാപ്പിന്റെ ബോധവത്കരണ സെമിനാർ ഷാർജ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ലീഗൽ റിസർച്ചർ സാല അസദ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് എസ് മുഹമ്മദ് ജാബിർ അദ്ധ്യക്ഷത വഹിച്ചു. ഷാർജ ലേബർ ഇൻസ്പെക്ടർ അലി ഫാറൂഖ് മുഹമ്മദ്, അഡ്വ. സന്തോഷ് പി നായർ, ഷാജി ജോൺ, നിസാർ തളങ്കര എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പൊതുമാപ്പ് ബോധവത്കരണ സെമിനാറിൽ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, അഡ്വ. ഹരീഷ് വാസുദേവൻ, അഡ്വ. സാജിദ് അബൂബക്കർ, ഖലീജ് ടൈംസ് കോപ്പി എഡിറ്റർ അനുവാര്യർ, അഡ്വ. അബ്ദുള്ള യു സി എന്നിവർ സംസാരിച്ചു. സദസ്സിലുള്ളവരുടെ നിയമപരമായ ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകി. ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ മോഡറേറ്ററായിരുന്നു. ആക്ടംഗ് കോഡിനേറ്റർ ഹരിലാൽ സ്വാഗതവും കൺവീനർ സക്കരിയ കരിയിൽ നന്ദിയും പറഞ്ഞു.