അഭിമന്യുവിന്റെ കൊലപാതകികളെ തേടി വ്യാപക റെയ്ഡ്; അഞ്ച് എസ് ഡി പി ഐക്കാർ കസ്റ്റഡിയിൽ
മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന എസ് ഡി പി ഐ ക്രിമിനൽ സംഘത്തെ തേടി സംസ്ഥാന വ്യാപകമായി റെയ്ഡ്. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് എസ് ഡി പി ഐ പ്രവർത്തകരെ വണ്ടിപ്പെരിയാറിലും പീരുമേട്ടിൽ നിന്നുമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലപ്പുഴയിൽ എൺപതിലധികം എസ് ഡി പി ഐ പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്
പ്രതികളെ ഒളിവിൽ കഴിയാൻ പോപുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും സഹായം ചെയ്തു നൽകിയതായി പോലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ കണ്ടെത്താനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളിൽ ചിലർ ആലപ്പുഴയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു
ഇന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. അഭിമന്യു തൽക്ഷണം കൊല്ലപ്പെടാൻ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രൊഫഷണൽ കൊലയാളിയുടെ ചെയ്തിയാണെന്ന് നേരത്തെ ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. കൊലപാതകത്തിന് മാത്രം രൂപപ്പെടുത്തിയ കത്തി ഉപയോഗിച്ചാണ് ക്രിമിനൽ സംഘം അഭിമന്യുവിനെ ആക്രമിച്ചത്.