നടിയെ പിന്തുണച്ച് സർക്കാർ; വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കായി വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം പരിഗണിക്കണമെന്നും കാട്ടി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
നേരത്തെ നടിയുടെ ഇതേ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായാണ് നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അതേസമയം കേസിന്റെ വിചാരണ തടസ്സപ്പെടുത്താൻ ദിലീപ് ശ്രമിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഏതുതരം അന്വേഷണം വേണമെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് സർക്കാർ വാദിച്ചു