സർവകക്ഷി യോഗം നാളെ; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രിയും പന്തളം കുടുംബവും
യുവതി പ്രവേശനം സംബന്ധിച്ച വിധിക്കെതിരെ നൽകിയ പുനപ്പരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചതിന് പിന്നാലെ സർക്കാർ മണ്ഡലകാലത്തിന് മുമ്പ് തന്നെ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സർവകക്ഷി യോഗം വിളിച്ചത്. ഇതിന് പുറമെ തന്ത്രി, പന്തളം കുടുംബവുമായും ചർച്ച നടക്കും.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സർവകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് തന്ത്രി, പന്തളം കുടുംബവുമായുള്ള ചർച്ച നടക്കും. ചർച്ചയിൽ പങ്കെടുക്കുമെന്ന് തന്ത്രിയും പന്തളം കുടുംബവും അറിയിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇരു കൂട്ടരും പങ്കെടുത്തിരുന്നില്ല.
ജനുവരി 22നാണ് പുന:പരിശോധനാ ഹർജികളിൽ കോടതി വാദം കേൾക്കുന്നത്. മണ്ഡല മകരവിളക്ക് തീർഥാടനം ഈ മാസം 16ന് ആരംഭിക്കും. ജനുവരി 20 വരെയാണ് സീസൺ. നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പുന്നോട്ടു പോകില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്.