അമ്പൂരി കൊലപാതകം: കഴുത്ത് ആദ്യം ഞെരിച്ചത് രാഹുൽ നായർ, പിന്നീട് അഖിൽ നായർ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തി
അമ്പൂരിയിൽ രാഖി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രാഹുലിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് രണ്ടാം പ്രതി രാഹുലാണ്. ഇതോടെ രാഖി ബോധരഹിതയായി. തൊട്ടുപിന്നാലെ അഖിൽ നായർ പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.
തന്റെ പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞാണ് അഖിൽ നായർ രാഖിയെ കാറിൽ കയറ്റിയത്. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് രാഹുൽ നായരാണ് ആദ്യം കഴുത്ത് ഞെരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന അഖിൽ നായർ പുറകിലെ സീറ്റിലേക്ക് വരികയും പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.
രാഖിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഹുൽ നായരും അഖിൽ നായരും ചേർന്ന് വീടിന് പിന്നിൽ വലിയ കുഴിയെടുത്ത് വെച്ചിരുന്നു. ഇതിലേക്ക് മൃതദേഹം ഉപ്പ് വിതറി മറവ് ചെയ്യുകയായിരുന്നു. രാഖിയുടെ ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവ കത്തിച്ചു കളഞ്ഞതായും രണ്ട് പ്രതികളും മൊഴി നൽകി.