വിവാദങ്ങൾ അവസാനിപ്പിക്കാൻ താരസംഘടന; നടിമാരെ എഎംഎംഎ ചർച്ചക്ക് വിളിച്ചു
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ചർച്ച നടത്താൻ തീരുമാനം. അടുത്ത മാസം ഏഴാം തീയതി എഎംഎം നടിമാരെ ചർച്ചക്ക് വിളിച്ചു. നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവരാണ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎംഎംഎക്ക് കത്ത് നൽകിയത്.
സംഘടനയുടെ നടപടികളിലും നിലപാടിലും ആശങ്കയുണ്ടെന്നും ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും ഇവർ നൽകിയ കത്തിൽ പറഞ്ഞിരുന്നു. എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്ത് നൽകിയത്. തങ്ങളുമായി വിഷയം ചർച്ച ചെയ്യണമെന്നതായിരുന്നു കത്തിലെ പ്രധാന ആവശ്യം
ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേർ എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. ഡബ്ല്യു സി സി അംഗങ്ങൾ കൂടിയ റിമ കല്ലിങ്കൽ, രമ്യാനമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവെച്ചത്.