ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭയ്ക്കെതിരായ ആരോപണം ശരിയെങ്കിൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സണ്ണി ജോസഫ് എംഎൽഎയാണ് പ്രമേയത്തിന് അനുമതി തേടിയത്. കെട്ടിട നിർമാണത്തിൽ അപാകതയില്ലെന്ന് ടൗൺ പ്ലാനർ വ്യക്തമാക്കിയിട്ടുണ്ട്. നരഹത്യയാണ് നടന്നതെന്ന് സണ്ണി ജോസഫ് ആരോപിച്ചു
വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം ശരിയാണെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യം നഗരകാര്യ റീജ്യണൽ ഡയറക്ടർ പരിശോധിക്കുമെന്ന് മന്ത്രി എ സി മൊയ്തീനും പ്രതികരിച്ചു.
അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. നഗരസഭയുടെ വീഴ്ചയാണ് സാജന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബവും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെയർപേഴ്സൺ ശ്യാമള പ്രതികരിച്ചു
ഇന്നലെയാണ് പ്രവാസി വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്തത്. ബക്കളത്ത് പതിനാറ് കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. പല തരം കാരണങ്ങൾ പറഞ്ഞാണ് നഗരസഭ അനുമതി നിഷേധിച്ചത്. ഇതോടെയാണ് സാജൻ് ആത്മഹത്യ ചെയ്തത്.