അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് തടവുകാർ ജയിൽ ചാടി; കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് തടവുകാർ ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. ജയിലിലെ മറ്റൊരു തടവുകാരിക്ക് ജയിൽ ചാട്ടത്തെ കുറിച്ച് അറിയാമായിരുന്നു. ശിൽപ, സന്ധ്യമോൾ എന്നീ വിചാരണ തടവുകാരാണ് ജയിൽ ചാടിയത്
കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതിൽ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ് ഇരുവരും. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതാ തടവുകാർ ജയിൽ ചാടുന്നത്.
ജയിൽചാട്ടത്തിന് മുമ്പായി ശിൽപ ഒരാളെ ഫോൺ ചെയ്ത് വേണ്ട സഹായങ്ങൾ ഒരുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തടവുകാരെ തിരികെ സെല്ലിൽ കയറ്റുന്ന സമയമായ 4.30ന് ശിൽപ മോളും സന്ധ്യയും മുരിങ്ങ മരത്തിൽ കയറി മതിലിന്റെ മുകളിൽ എത്തുകയായിരുന്നു. ജയിലിന് പിന്നിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടിയ ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.