ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഡിജിപിക്ക് പരാതി നൽകി
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ഡിജിപിക്ക് പരാതി നൽകി. ക്ഷേത്രത്തിൽ പോയ മകനും കുടുംബവും തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് തിരികെ വന്നത് എന്തിനെന്ന് അന്വേഷിക്കണം. പണമിടപാട് സംബന്ധിച്ച ചില സംശയങ്ങളും പരാതിയിൽ ഉന്നയിക്കുന്നുണ്ട്
വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്നായിരുന്നു ഡ്രൈവർ അർജുൻ പറഞ്ഞത്. എന്നാൽ വാഹനമോടിച്ചത് അർജുൻ തന്നെയായിരുന്നുവെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പോലീസിന് മൊഴി നൽകി. അപകടം നടക്കുമ്പോൾ ബാലഭാസ്കർ പിൻസീറ്റിലായിരുന്നുവെന്നും താനും മകളുമാണ് മുൻസീറ്റിൽ ഇരുന്നതെന്നുമായിരുന്നു ലക്ഷ്മി പോലീസിനോട് പറഞ്ഞത്.
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. ബാലഭാസ്കറും രണ്ട് വയസ്സുകാരി മകൾ തേജസ്വിനി ബാലയും അപകടത്തിൽ മരിച്ചു. ഏറെ ദിവസത്തെ ചികിത്സക്ക് ശേഷമാണ് ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.