ബാലഭാസ്കറിന്റെ മരണം: ലക്ഷ്മിയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
ബാലഭാസ്കറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയിൽ നിന്നും മൊഴിയെടുത്തു. അപകട സമയത്ത് കാറോടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി ആവർത്തിച്ചു. ഏതന്വേഷണത്തോടും സഹകരിക്കുമെന്ന് ലക്ഷ്മി വ്യക്തമാക്കി.
തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. മുമ്പ് രണ്ട് തവണ നൽകിയ മൊഴികളിൽ തന്നെ ലക്ഷ്മി ഉറച്ചുനിന്നു. അപകട സമയത്ത് ബാലഭാസ്കർ പുറകിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. വാഹനമിടിച്ചപ്പോൾ തന്നെ ബോധം നഷ്ടപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു
പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്കറിനോട് ആർക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിയില്ല. ഡ്രൈവർ അർജുന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിന് പണം നൽകിയിരുന്നു. അത് രണ്ട് തവണയായി തിരിച്ചുകിട്ടുകയും ചെയ്തതായി ലക്ഷ്മി മൊഴി നൽകി.