ബാണാസുര സാഗർ ഡാം തുറന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെ; കലക്ടർ റിപ്പോർട്ട് തേടി
വയനാട് ബാണാസുര സാഗർ അണക്കെട്ട് യാതൊരു മുന്നറയിപ്പുമില്ലാതെയാണ് തുറന്നതെന്ന നാട്ടുകാരുടെ പരാതിയിൽ ജില്ലാ കലക്ടർ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. നടപടിക്രമങ്ങൾ പാലിച്ചല്ല ഡാം തുറന്നതെന്ന് കലക്ടർ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ കെ എസ് ഇ ബിക്കെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുമ്പോഴാണ് കലക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്
ഗുരുതരമായ വീഴ്ച ഇക്കാര്യത്തിൽ സംഭവിച്ചത്. സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അണക്കെട്ട് തുറക്കേണ്ടത്. ഓറഞ്ച് അലർട്ടോ, റെഡ് അലർട്ടോ നൽകാതെ രാത്രിയിലാണ് അണക്കെട്ട് തുറന്നുവിട്ടത്. മാനന്തവാടി എംഎൽഎ ഒ ആർ കേളു ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയായി പോയി ഇതെന്ന് എംഎൽഎ പറയുന്നു.
കലക്ടർ പോലും അറിയാതെയാണ് ഉദ്യോഗസ്ഥർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡാം തുറക്കുന്നതിന് മുമ്പായി എല്ലാ നടപടിക്രമങ്ങളും പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നടപടിക്രമങ്ങളെല്ലാം ലംഘിച്ചാണ് കെ എസ് ഇ ബി ഡാം തുറന്നത്.
ഡാം തുറന്നതിന് പിന്നാലെയാണ് പനമരം, പടിഞ്ഞാറെത്തറ പഞ്ചായത്തുകളിൽ പ്രളയബാധിതമായത്. മുന്നറിയിപ്പുകളില്ലാത്തതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാനാകാതെ ആളുകൾ കുടുങ്ങുകയായിരുന്നു.