ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; ജാഗ്രതാ നിർദേശം
കൽപ്പറ്റ: ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടുമുയർത്തി. 90 സെന്റിമീറ്ററിൽ നിന്ന് 120 സെന്റിമീറ്ററായാണ് ഉയർത്തിയത്. 150 സെന്റിമീറ്ററിലേക്ക് ഘട്ടംഘട്ടമായി ഉയർത്താനാണ് തീരുമാനമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നാല് ഷട്ടറുകൾ വഴി സെക്കന്റിൽ 77 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ നദിയുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസം യാതൊരു മുന്നറിപ്പുമില്ലാതെയാണ് കെ എസ് ഇ ബി അധികൃതർ തുറന്നതെന്ന് നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. വയനാട്ടിലെ ജനങ്ങളെ പ്രളക്കെടുതിയിലേക്ക് തള്ളിവിട്ടത് ഇതായിരുന്നുവെന്നാണ് ആക്ഷേപം. സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ എല്ലാവിധ മുന്നറിയിപ്പുകളും നൽകിയ ശേഷമാണ് ഡാം തുറന്നതെന്ന് കെഎസ്ഇബി പറയുന്നു