ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
ലൈംഗിക പീഡനാരോപണം നേരിടുന്ന ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി കോടതി നാളെ വിധി പറയും. വിധി വരുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. യുവതിയുടെ വാദങ്ങൾ അഭിഭാഷകൻ എഴുതി നൽകിയിട്ടുണ്ട്.
മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. മുതിർന്ന അഭിഭാഷകൻ അശോക് ഗുപ്തയാണ് ബിനോയിക്ക് വേണ്ടി ഹാജരായത്. വിവാഹ വാഗ്ദാനം നൽകിയെങ്കിൽ എങ്ങനെയാണ് പീഡന പരാതി നിലനൽക്കുന്നതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.
പണത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണെന്ന് പ്രതിഭാഗം വാദിക്കുന്നു. ബിനോയ് യുവതിയെ വിവാഹം ചെയ്തുവെന്ന് പറയുന്ന ദിവസം ബിനോയ് മുംബൈയിലുണ്ടായിരുന്നില്ല. 2015 വരെ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. എന്നാൽ 2019ന് മുമ്പ് എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചിരുന്നു.