കന്യാസ്ത്രീയെ വധിക്കാൻ ശ്രമം: വൈദികന്റെ സഹോദരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജലന്ധർ രൂപത വൈദികനായ ഫാദർ ലോറൻസ് ചാട്ടുപറമ്പിലിന്റെ സഹോദരൻ തോമസിനെതിരെയാണ് കേസ്. കുറുവിലങ്ങാട് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നൽകിയത്.
തനിക്കെതിരെ വധശ്രമമുണ്ടായെന്ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മഠത്തിലെ ജീവനക്കാരനായ ഇതരസംസ്ഥാനക്കാരന്റെ മൊഴി പോലീസ് എടുത്തു.
കന്യാസ്ത്രീയെ നിരീക്ഷിക്കാനും യാത്ര ചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവിടാനും ടയറിന്റെ അഴിച്ചുവിടാനുമാണ് തോമസ് നിർദേശം നൽകിയത്. ഫോൺ റീചാർജ് ചെയ്യാൻ പുറത്തുപോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കണമെന്നും ജീവനക്കാരന് നിർദേശം നൽകിയിരുന്നു. കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കാൻ ശ്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കാലടി പോലീസ് സ്റ്റേഷനിലും തോമസിനെതിരെ കേസുണ്ട്.