ജലന്ധർ രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു; ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യും
കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ രൂപതയിലെ നാല് വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ വസ്തുതയുണ്ടെന്ന് വൈദികർ അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ബിഷപ് ഫ്രാങ്കോയിൽ നിന്നും കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി അറിയാമെന്ന് വൈദികർ മൊഴി നൽകി
ഇന്ന് ഉച്ചയോടെ ഫ്രാങ്കോയെ അന്വേഷണസംഘം ചോദ്യം ചെയ്യും. ബിഷപ് ഹൗസിലെത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്ത് ബിഷപിനെ വിളിച്ചുവരുത്തിയോയാകും ചോദ്യം ചെയ്യൽ. വൈക്കം ഡിവൈഎസ്പി സുഭാഷന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന് മുമ്പായി അന്വേഷണ സംഘം ജലന്ധർ കമ്മീഷണർ പി കെ സിൻഹയുമായി കൂടിക്കാഴ്ച നടത്തും
അറസ്റ്റുണ്ടാകുമെന്ന സംശയത്തെ തുടർന്ന് വിശ്വാസികളോട് രൂപതാ ആസ്ഥാനത്ത് എത്താൻ ബിഷപ് രഹസ്യമായി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പീഡനക്കേസിൽ അന്വേഷണം നേരിടുന്ന ബിഷപിന് വേണ്ടി പ്രാർഥനകൾ ചൊല്ലി രൂപതാ ആസ്ഥാനത്ത് എത്തിയത്. വിശ്വാസികൾ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജലന്ധർ ഡിസിപി ഗുരുമീത് സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തി.
എന്നാൽ ഫ്രാങ്കോ അന്വേഷണവുമായി സഹകരിക്കുമെന്ന് രൂപതാ പി ആർ ഒ ഫാദർ പീറ്റർ കാവുമ്പുറം അറിയിച്ചിട്ടുണ്ട്. വിശ്വാസികൾ ക്രമസമാധാന പ്രശ്നമുണ്ടാക്കില്ലെന്നുമാണ് രൂപത നൽകുന്ന ഉറപ്പ്