ജനസേവനത്തിനുള്ള സുവർണാവസരമെന്നാണ് ഉദ്ദേശിച്ചത്; പ്രസംഗത്തിൽ കിടന്നുരുണ്ട് ശ്രീധരൻ പിള്ള
ശബരിമലയിലെ പ്രതിഷേധ-അക്രമസംഭവങ്ങൾ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് വെളിപ്പെടുത്തിയ പ്രസംഗം പുറത്തായതോടെ വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ശബ്ദരേഖ പുറത്തുവിട്ടത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടുള്ള ദ്രോഹമാണ്. വിഷയം പാർട്ടി തലത്തിൽ ചർച്ച ചെയ്യട്ടെയന്നും ശ്രീധരൻ പിള്ള പറഞ്ഞു
തന്റെ പ്രസംഗം രഹസ്യമായിരുന്നില്ല. ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ട്. മാധ്യമപ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ നടന്ന പ്രസംഗം പുതിയ സംഭവമാക്കി ചാനലുകൾ കാണിക്കുന്നത് നാണക്കേടാണ്.
ശബരിമലയിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്നും ശ്രീധരൻ പിള്ള ചോദിച്ചു. സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ തന്ത്രി എന്തിനാണ് ബിജെപി അധ്യക്ഷനെ വിളിച്ച് നട അടയ്ക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതെന്ന ചോദ്യത്തിന് ശ്രീധരൻ പിള്ളക്ക് മറുപടിയുണ്ടായിരുന്നില്ല