ബ്രണ്ണൻ കോളജിൽ ആയുധങ്ങളുമായി എത്തിയ ആർ എസ് എസ് പ്രവർത്തകരായ കൊലക്കേസ് പ്രതികൾ അറസ്റ്റിൽ
തലശ്ശേരി ബ്രണ്ണൻ കോളജിൽ ആയുധങ്ങളുമായി എത്തിയ ആറംഗ ആർ എസ് എസ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ട് പേർ കൊലക്കേസ് പ്രതികളാണ്. ക്രിമിനൽ സംഘത്തെ കണ്ട് എസ് എഫ് ഐ പ്രവർത്തകർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇവർ വന്ന വാഹനം പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. കണ്ണവം സ്വദേശികളായ പി വിശാഖ്, പി വി ശ്രീനിഷ്, വി സനീഷ്, എൻ നിഖിൽ, പി ലിജിൽ, ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വേണ്ടി നാമനിർദേശ പത്രിക നൽകിയ വിദ്യാർഥിയുടെ അമ്മാവനും സുഹൃത്തുക്കളുമാണ് കോളജിലെത്തിയത്.
എസ് എഫ് ഐ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് ആർ എസ് എസ് പ്രവർത്തകർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.