പ്രകൃതിക്ഷോഭങ്ങളിൽ വീടുതകർന്നവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കാൻ തീരുമാനം
പ്രകൃതി ക്ഷോഭങ്ങളിൽ വീട് തകർന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 75 ശതമാനത്തിന് മേലെ നാശമുണ്ടായ വീടുകളെ പൂർണമായി തകർന്ന വീടുകളായി കണക്കാക്കും. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം പൂർണമായി തകർന്ന വീടുകൾക്ക് മലയോര പ്രദേശങ്ങളിൽ 1,01,900 രൂപയും സമതലപ്രദേശങ്ങളിൽ 95,100 രൂപയുമാണ് ദുരിതാശ്വാസമായി നൽകുന്നത്.
ഏത് മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതം ചേർത്ത് ഓരോ വീടിനും 4 ലക്ഷം രൂപ നൽകും. പൂർണമായി തകർന്ന വീടുകൾ ഒഴികെ മറ്റുള്ളവയെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നൽകുന്നത്.
15 ശതമാനം നാശമുണ്ടായ വീടുകൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 4800 രൂപ അടക്കം 10,000 രൂപ നൽകും. 16.29 ശതമാനം നഷ്ടം സംഭവിച്ച വീടുകൾക്ക് 60,000 രൂപയും 30.59 ശതമാനം നഷ്ടത്തിന് 1,25,000 രൂപയും 60.74 ശതമാനം നഷ്ടം സംഭവിച്ച വീടുകൾക്ക് 2,50,000 രൂപയുമാണ് നൽകുക
ആഗസ്റ്റിൽ പ്രളയത്തിൽ വീട് തകർന്നവർക്ക് നൽകേണ്ട നഷ്ടപരിഹാര തുകയിൽ നിന്ന് ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിക്കും.