കേരളം നമ്പർ വൺ: ശിശുക്ഷേമ സൂചികയിൽ കേരളം ഒന്നാമത്, ഏറ്റവും പിന്നിൽ ജാർഖണ്ഡ്
ശിശുക്ഷേമ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. ആരോഗ്യ പോഷകാഹാര വിദ്യാഭ്യാസ സൗകര്യങ്ങളിലെ പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. വേൾഡ് വിഷൻ ഇന്ത്യയും ഐ എഫ് എം ആർ ലെഡുമാണ് സൂചിക തയ്യാറാക്കിയത്.
ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രകടനം വിലയിരുത്തുകയും ശിശുക്ഷേമത്തിൽ മാർക്ക് തയ്യാറാക്കുകയും ചെയ്തു. 76 മാർക്കുമായാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. 67 മാർക്ക് നേടിയ തമിഴ്നാടും ഹിമാചൽ പ്രദേശും രണ്ടാം സ്ഥാനം നേടി. ജാർഖണ്ഡാണ് സൂചികയിൽ ഏറ്റവും പിന്നിൽ. മധ്യപ്രദേശിന്റെ സ്ഥാനവും പിൻനിരയിലാണ്.
കുട്ടികൾക്ക് ആരോഗ്യകരമായ തുടക്കമാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ കുട്ടികൾ കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസവും അവർക്ക് ലഭ്യമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.