ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു; മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു
ആശങ്കകൾക്ക് വിരാമിട്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. ഇന്ന് രാവിലെ 2401.10 അടിയാണ് ജലനിരപ്പ്. 2400 അടിയാകുന്നതുവരെ ഇപ്പോഴുള്ള നിലയിൽ തന്നെ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് വിടും. കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ആലുവ അടക്കമുള്ള പ്രദേശങ്ങളിൽ നാശനഷ്ടമൊന്നുമുണ്ടായില്ലെതും ആശ്വാസകരമാണ്.
മുഖ്യമന്ത്രി രാവിലെ വെള്ളപൊക്ക ബാധിത മേഖലകളിൽ സന്ദർശനം നടത്തുകയാണ്. ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
ആലുവയിൽ പെരിയാറിന്റെ ജലനിരപ്പ് സാധരണയേക്കാളും രണ്ടടിയോളം ഉയർന്നിട്ടുണ്ട്. എങ്കിലും വലിയ പ്രതിസന്ധിയില്ലെന്നാണ് വ്യക്തമാകുന്നത്. നീരൊഴുക്ക് വേഗത്തിലായതിനാൽ പെരിയാർ ശാന്തമാണ്. വേലിയിറക്ക സമയത്താണ് ചെറുതോണിയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയത്. ഇതും പെരിയാറിൽ ജലനിരപ്പുയരാതിരിക്കാൻ കാരണമായി.