സ്ഥാനമാനങ്ങൾ നോക്കിയാകരുത് ജനങ്ങളോട് പെരുമാറാൻ; പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറരുതെന്നും മുഖ്യമന്ത്രി
പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടവിരുദ്ധമായ കാര്യങ്ങൾ പോലീസ് സ്റ്റേഷനുകളിൽ ഒരു കാരണവശാലും സംഭവിക്കാൻ പാടില്ല. പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
സമൂഹത്തിലെ സ്ഥാനമാനങ്ങൾ നോക്കിയാകരുത് പോലീസ് ജനങ്ങളോട് പെരുമാറേണ്ടത്. കുറ്റം ചെയ്ത എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കണം. തെറ്റ് ചെയ്തവർക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കണം. എന്നാൽ വൈകൃതമായ നടപടികൾ ഉണ്ടാകാനും പാടില്ല.
1957ലെ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ലോക്കപ്പ് മർദനം അടക്കമുള്ള നടപടികൾ അവസാനിപ്പിച്ചതാണ്. അതെല്ലാം തുടരുന്ന സാഹചര്യം വീണ്ടും വന്നിരിക്കുന്നു. സ്വഭാവ വൈകൃതങ്ങൾക്ക് പോലീസ് അടിമപ്പെടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു