തിരൂരിൽ സിപിഎം പ്രവർത്തകന്റെ വീടിന് തീ കൊളുത്തി; പതിനാറുകാരിക്ക് പൊള്ളലേറ്റു
തിരൂർ കൂട്ടായിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് തീ കൊളുത്തി ആളുകളെ വധിക്കാൻ ശ്രമം. കുറിയന്റെ പുരക്കൽ സൈനുദ്ദീന്റെ വീടിനാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പതിനാറ് വയസ്സുള്ള പെൺകുട്ടിക്ക് സാരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം
കുട്ടിക്ക് നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പരുക്കുകളോടെ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. സിപിഎം-മുസ്ലിം ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വർഷം മേഖലയിൽ സംഘർഷമുണ്ടായ സമയത്തും സൈനുദ്ദീന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു
സംഭവത്തിൽ പിന്നിൽ ലീഗ് പ്രവർത്തകരാണെന്ന് ആരോപണമുണ്ട്. അതേസമയം രാഷ്ട്രീയം തന്നെയാണോ പിന്നിലെന്ന് ഉറപ്പായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നിലവിൽ കൂട്ടായിയിൽ സിപിഎമ്മിന്റെയും ലീഗിന്റെയും സമാധാന കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു