പി വി അൻവറിന് സിപിഎമ്മിന്റെ താക്കീത്; മുന്നണി മര്യാദകളെ ബാധിക്കുന്ന പ്രസ്താവനകൾ വേണ്ട
സിപിഐയുമായി തുറന്ന പോര് പ്രഖ്യാപിച്ച പൊന്നാനി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി പി വി അൻവറിന് സിപിഎമ്മിന്റെ താക്കീത്. സിപിഐക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി നിർദേശം നൽകി. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് അൻവർ പറഞ്ഞു
മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായതോടെയാണ് സിപിഎം ഇടപെട്ടത്. മുസ്ലിം ലീഗും സിപിഐയും ഒരുപോലെ ആണെന്നും സിപിഐ നേതാക്കൾ തന്നെ ദ്രോഹിക്കുകയാണെന്നും അൻവർ പറഞ്ഞിരുന്നു. വയനാട്ടിലെ എൽ ഡി എഫ് സ്ഥാനാർഥി പി പി സുനീർ ലീഗിലേക്ക് പോകുമെന്ന പരാമർശവും അൻവർ നടത്തിയിരുന്നു.