വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ; ദീപാ നിശാന്തിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ
കവിത മോഷ്ടിച്ചെന്ന് ആരോപണം ഉയർന്ന കോളജ് അധ്യാപിക ദീപാ നിശാന്തിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. ഫേസ്ബുക്കിലെഴുതി കുറിപ്പിലൂടെയാണ് ജയശങ്കറുടെ പരിഹാസം.
എസ് കലേഷ് എന്ന യുവകവി 2011ൽ എഴുതി പ്രസിദ്ധീകരിച്ച കവിതയാണ് ചെറിയ വ്യത്യാസങ്ങൾ മാത്രം വരുത്തി ദീപാ നിശാന്ത് തന്റെ പേരിൽ പ്രസിദ്ധീകരിച്ചത് എന്നാണ് ആരോപണം. കോളജ് ആധ്യാപകരുയടെ സംഘടനാ മാഗസിനിലാണ് ദീപാ നിശാന്തിന്റെ പേരിൽ കവിത അച്ചടിച്ചുവന്നത്. വെറുമൊരു മോഷ്ടാവായോരെന്ന കള്ളിയെന്ന് വിളിച്ചില്ലേ എന്ന് ജയശങ്കർ പോസ്റ്റിൽ പരിഹസിക്കുന്നു
പോസ്റ്റിന്റെ പൂർണരൂപം
വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ….
സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സർവ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികൾ.
എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ൽ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങൾ വരുത്തി ദീപ സ്വന്തം പേരിൽ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.
നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയർന്നേക്കും.
പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്.
ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവർ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.
# ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം