ഇ ജി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിൽ ലളിതമായ ചടങ്ങ്
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി മന്ത്രിസഭയിൽ ഇത് രണ്ടാം തവണയാണ് ഇപി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. ബന്ധുനിയമന വിവാദത്തെ തുടർന്നാണ് ഇ പിക്ക് മന്ത്രസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്നത്. കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് തിരിച്ചുവരവ്
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്ഭവനിൽ ജസ്റ്റിസ് പി സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേർക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. രാജിവെച്ച് 22 മാസത്തിന് ശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ പിണറായി മന്ത്രിസഭയിൽ മന്ത്രിമാരുടെ എണ്ണം 20 ആയി.
സത്യപ്രതിജ്ഞക്ക് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിൽ വകുപ്പുകളുടെ പുന:സംഘടന നടന്നു. ഇത് ഗവർണറെ അറിയിച്ച് വിജ്ഞാപനമാക്കി. വ്യവസായ വകുപ്പാണ് ഇ പി ജയരാജന് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ യുവജനക്ഷേമം, സ്പോർട്സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനുണ്ട്
മുഖ്യമന്ത്രി ഈ മാസം 19ന് അമേരിക്കയിലേക്ക് ചികിത്സാർഥം യാത്ര തിരിക്കുമ്പോൾ ഇ പി ക്ക് താത്കാലിക ചുമതല നൽകിയേക്കും. അതേസമയം ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ജയരാജൻ വീണ്ടും മന്ത്രിയാകുന്നത് അധാർമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം.