ഹാഷ് ടാഗിട്ടൊരു പിന്തുണ കൊടുത്താല്‍ തീരുന്ന പ്രശ്‌നങ്ങളല്ല അവരുടേത്; പക്ഷേ അതെങ്കിലും നമ്മൾ ചെയ്യേണ്ടതുണ്ട്‌

  • 24
    Shares

‘ഞങ്ങളുടെ മാർച്ച്‌ മുംബൈ പോലുള്ള നഗരത്തിൽ എത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്നറിയാം. ബോർഡ്‌ എക്സാമിനെത്തുന്ന കുട്ടികളെ വലക്കുമെന്നും. അതുകൊണ്ട്‌ ഞങ്ങൾ രാത്രി നഗരത്തിലൂടെ മാർച്ച്‌ ചെയ്യും, വെളുപ്പിന് വിധാൻസഭയോടടുക്കും. ആർക്കും പ്രശ്നമുണ്ടാക്കാനല്ല, ഞങ്ങളുടെ പ്രശ്നം പറയാനാണ് ഞങ്ങൾ ഈ കൊടിപിടിച്ച് ഇത്ര ദൂരം നടന്നെത്തിയത്’
– കഴിഞ്ഞവർഷം ഇരുന്നോറോളം കിലോമീറ്റർ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് പകലും രാത്രിയും ആൾ ഇന്ത്യാ കിസാൻ സഭ(AIKS)യുടെ നേതൃത്വത്തിൽ കാൽനടയായി എത്തിയ, മുഷിഞ്ഞുകീറിയ തുണിയുടുത്ത കർഷകരുടെ കൺസേണുകളും പ്രയോരിറ്റിയുമെന്തെന്ന് അവർ അധികാരികളെ അറിയിച്ച, പലരും കയ്യടിച്ച വാക്കുകളാണിത്.

6 മാസം സാവകാശം നൽകാനാവശ്യപ്പെട്ട്, അവരുന്നയിച്ച 12 ആവശ്യങ്ങളും നടപ്പിലാക്കാമെന്ന ബി‌ ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിവൃത്തിയില്ലാത്ത ഉറപ്പുകൾക്ക് അന്ന് അതിലേറെ‌ കയ്യടിയാണവർ നൽകിയത്, അങ്ങനെയാണവർ മടങ്ങിപ്പോയത്. അടിസ്ഥാന-കർഷക-തൊഴിലാളി വർഗത്തിന്റെ സത്യസന്ധതയോ വാക്കിന് വിലയോ വലത്-കോർപ്പറേറ്റ് താല്പര്യം മാത്രം കൈമുതലായ ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നൊരിക്കൽ കൂടെ തിരിച്ചറിയുമ്പോൾ ഒരു വർഷത്തിനിപ്പുറം അവർ വീണ്ടും നടന്ന് തുടങ്ങുകയാണ്.

അന്നവരുയർത്തിയ – സ്വാമിനാഥൻ റിപ്പോർട് നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പാൽഘർ, താനെ ജില്ലകളിലെ ഗോത്ര വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നദീബന്ധന നിർദ്ദേശം റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, അനുമതി കൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വാർധക്യകാല പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പരുത്തികൃഷി വൻനാശം നേരിടുന്ന മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുക മുതലായ അടിസ്ഥാന ആവശ്യങ്ങൾ മുദ്രാവാക്യങ്ങളായും ആവശ്യം വേണ്ട തുണിയും ധാന്യങ്ങളും കൈമുതലായും ചെങ്കൊടി തണലാക്കിയും‌ അവർ ഇന്ത്യയുടെ നിയോലിബറൽ നിരത്തിലൂടെ നടന്ന് നീങ്ങും, കോർപ്പറേറ്റ് ദല്ലാളുകളുടെ മണിമന്ദിരത്തിലെത്തി ചേരുകയും ചെയ്യും.

കഴിഞ്ഞ വർഷം, 2018 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 1092 കർഷകരാണ് മഹാരാഷ്ട്രയിൽ മാത്രമായി ആത്മഹത്യ ചെയ്തത്. അവരിൽ പലരും ചാവും മുമ്പേ പ്രധാനമന്ത്രിയുടെ വിപ്ലവപദ്ധതി ഫസൽഭീമയോജന- ക്രോപ്പ് ഇൻഷുറൻസിന്റെ ഗുണമറിഞ്ഞ് സംതൃപ്തിയോടെ കൂടെയാണ് ജീവിതമവസാനിപ്പിച്ചത്.

ബീഡ്‌ ജില്ലയിൽ ഇൻഷുറൻസ് എടുത്തവരിലെ 773 കർഷകർക്ക് കോമ്പൻസേഷനായി ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കിട്ടിയത് ഒരു രൂപ വീതമാണ്. 669 പേർക്ക് കിട്ടിയത് രണ്ട് രൂപ വീതവും, 50 പേർക്ക് മൂന്ന് രൂപ വീതവും, 702 പേർക്ക് നാല് രൂപ വീതവും, 39 പേർക്ക് സ്വർണനിറത്തിലുള്ള പുതിയ 5 രൂപ കൊയിനും.

ഫസൽ ഭീമ യോജനയിലൂടെ, 50,000 കോടി രൂപ കർഷകരിൽ നിന്ന് പിരിച്ചെടുത്ത്, കർഷകർ മിച്ചം പിടിച്ചതമൂറ്റി പത്തോളം ഫിനാൻസ് കമ്പനികൾക്ക് 17,000 കോടി ലാഭമുണ്ടാക്കിക്കൊടുത്ത,
വനഭൂമിയിൽ ആദിവാസികൾക്കുണ്ടായിരുന്ന പരമ്പരാഗത അവകാശങ്ങളെ പത്തിലൊന്നായി പടിപടിയായി വെട്ടിക്കുറച്ച് സ്വകാര്യമൂലധനതാല്പര്യങ്ങൾക്ക് കുഴലൂത്ത് നടത്തുന്ന,
സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം വിളകൾക്ക് അടിസ്ഥാന താങ്ങുവില കണക്കാക്കുമ്പോൾ ഉൾപ്പെടുത്തേണ്ടിയിരുന്ന ഭൂമിയുടെയും ഉപകരണങ്ങളുടേയും വാടക ഒഴിവാക്കി, 1000 കൊടുക്കേണ്ടിടത്ത് ഫോർമുല തിരുത്തി 700 എന്നാക്കി, 750 രൂപ കൊടുത്ത്, ’50 രൂപ കൂടുതൽ വച്ചിട്ടുണ്ടെന്ന്’ അവകാശവാദം ഉളുപ്പില്ലാതെ തട്ടിവിടുന്ന,
ബാങ്ക് അക്കൗണ്ടില്ലാത്തവരായതിനാൽ അനുകൂല്യങ്ങളും അവകാശങ്ങളും തരാനാവില്ലെന്ന് കയ്യൊഴിയുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരേതരം കർഷകവിരുദ്ധ നയങ്ങളുടെ ഇരകളാണവർ.

വിണ്ടുകീറിയ കാലുകളുടെ, വിയർപ്പൊഴുകുന്ന ചുളിവ് വീണ മുഖങ്ങളുടെ, മുഷിഞ്ഞ ഭാണ്ഡക്കെട്ടുകളുടെ, സോഡിയം‌ വേപ്പർ ലാമ്പിന് കീഴെ മുംബൈ നഗരത്തിലൂടെ താറാക്കൂട്ടത്തെ പോലെ അടക്കത്തോടെ അടിവച്ചടിവച്ച് നീങ്ങുന്നവരുടെ ഡി എസ്‌ എൽ ആർ – ഹൈ ഡെഫിനിഷൻ ചിത്രങ്ങൾ കണ്ടാൽ മാത്രം ഒരു ഹാഷ്ടാഗിടാൻ തോന്നുന്ന, അങ്ങനെ ഹാഷ്ടാഗിട്ടൊരു പിന്തുണകൊടുത്താൽ തീരുന്ന പ്രശ്നങ്ങളല്ല ആ കൂട്ടരുടേത്.
പക്ഷേ, അതെങ്കിലും നമ്മൾ ചെയ്യേണ്ടതുണ്ട്.

രണ്ടാം കിസാൻ ലോംഗ് മാർച്ചിനഭിവാദ്യങ്ങൾ,
ആൾ ഇന്ത്യാ കിസാൻ സഭക്ക് അഭിവാദ്യങ്ങൾ,
മാർച്ചിൽ ഒരടി വക്കുന്ന, ഒരു മുദ്രാവാക്യം വിളിക്കുന്ന, കൊടിപിടിക്കുന്ന, അണിയാകുന്ന ഓരോ കർഷകർക്കും അഭിവാദ്യങ്ങൾ.!

'ഞങ്ങളുടെ മാർച്ച്‌ മുംബൈ പോലുള്ള നഗരത്തിൽ എത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്നറിയാം. ബോർഡ്‌ എക്സാമിനെത്തുന്ന കുട്ടികളെ…

Posted by Aseeb Puthalath on Thursday, 21 February 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *