പ്രളയദുരിതത്തിൽ മാതൃകയായി ഇവാനയുടെ സ്‌നേഹസ്വാന്തനം

  • 16
    Shares

പാലാ: പ്രളയദുരിതത്തിലകപ്പെട്ട കുട്ടികൾക്കു തന്റെ സമ്പാദ്യമായ കുടുക്കപൊട്ടിച്ചപ്പോൾ ലഭിച്ച തുകയുള്ള വസ്ത്രങ്ങൾ വാങ്ങി എത്തിച്ച് കുരുന്നിന്റെ സ്‌നേഹസ്വാന്തനം. നരിയങ്ങാനം കടുംകുംപാറയിൽ ബോബിയുടെ മകൾ ഇവാന ജോയ്‌സ് ബോബിയാണ് പ്രളയ ദുരിതത്തിലായ കുട്ടികളെ സഹായിക്കാൻ തന്റെ കൊച്ചു സമ്പാദ്യമായ കുടക്ക പൊട്ടിച്ചത്.

ദുരിതത്തിലകപ്പെട്ട കുട്ടികൾ നനഞ്ഞ വസ്ത്രങ്ങളുമായി നിൽക്കുന്ന ദൃശ്യങ്ങൾ ടെലിവിഷനിലൂടെ കണ്ട ഇവാന കാര്യങ്ങൾ അമ്മ ജോയ്‌സിനോട് ചോദിച്ചു മനസിലാക്കി. തുടർന്ന് അനിയൻ നോഹാനു ജന്മദിനത്തിൽ സൈക്കിൾ വാങ്ങിക്കാൻ കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചു ദുരിതബാധിതരായ കുട്ടികൾക്കു വസ്ത്രങ്ങൾ വാങ്ങി നൽകാൻ മാതാപിതാക്കളെ നിർബ്ബന്ധിക്കുകയായിരുന്നു. ഇതേത്തുടർന്നു കെ.എസ്.ഇ.ബി. പാലാ സെക്ഷനിലെ സബ് എഞ്ചിനീയർ കൂടിയായ ബോബി ഇവാനയെയും കൂട്ടി വന്ന് കുടുക്ക പൊട്ടിച്ചു ലഭിച്ച അയ്യായിരത്തിൽപരം രൂപ ഉപയോഗിച്ചു കുട്ടികൾക്കുള്ള വസ്ത്രങ്ങൾ വാങ്ങിച്ചു. ഇവ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ പ്രളയ ദുരിതബാധിതർക്കായുള്ള വിഭവ സമാഹരണ നിധിയിലേയ്ക്ക് സംഭാവനയായി നൽകി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, ഫൗണ്ടേഷൻ ഉപദേശക സമിതി അംഗം കൂടിയായ പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഇവാനയുടെ പക്കൽ നിന്നും ഏറ്റുവാങ്ങി. ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, ഇവാനയുടെ മാതാപിതാക്കളായ ബോബി, ജോയ്‌സ്, സഹോദരൻ നോഹാൻ എന്നിവർ സന്നിഹിതരായിരുന്നു. ലഭിച്ച വസ്ത്രങ്ങൾ നങ്ങ്യാർകുളങ്ങര, വീയപുരം, തലയോലപ്പറമ്പ്, വെള്ളൂർ എന്നിവിടങ്ങളിലെ ദുരിതബാധിതർക്ക് കൈമാറി.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *