മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 539 കോടി രൂപ; നാം അതിജീവിക്കും
കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കൈപിടിച്ചുയർത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച വൈകുന്നേരം വരെയുള്ള കണക്കുപ്രകാരം 539 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്
142 കോടിരൂപ സി.എം.ഡി.ആർ.എഫ് പെയ്മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസിൽ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.
donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ ബാങ്ക് ഗേറ്റ്-വേകൾ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്.ബി.ഐ.തുടങ്ങിയവയുടെ യു.പി.ഐ.കളും ക്യു.ആർ കോഡുകൾ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകി.