ഫോർമാലിൻ കലർത്തിയ ആറ് ടൺ കൂന്തളുമായി എത്തിയ വാഹനം വടകരയിൽ പിടികൂടി
ഫോർമാലിൻ കലർത്തി കൂന്തളുമായി എത്തിയ വാഹനം വടകര മൂരാട് പാലത്തിന് സമീപം നാട്ടുകാർ തടഞ്ഞുവെച്ചു. ഫോർമാലിൻ കലർന്നതാണെന്ന സംശയത്തിലാണ് നാട്ടുകാർ തടഞ്ഞത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർന്നതായി തെളിയുകയും ചെയ്തു
ഇതേ തുടർന്ന് ലോറി തിരിച്ചയച്ചു. ഇത് കേരളത്തിൽ വിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി ലോറി അതിർത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് കൂന്തൾ കയറ്റി പോകുകയായിരുന്ന ലോറിയാണ് തടഞ്ഞത്
ഗതാഗത കുരുക്കിനെ തുടർന്ന് പാലത്തിന് സമീപം കിടന്നപ്പോൾ ലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്നാണ് നാട്ടുകാർ ലോറി തടഞ്ഞതും ഉദ്യോഗസ്ഥരെ വിളിച്ച് പരിശോധിപ്പിച്ചതും. ആറ് ടൺ കൂന്തൾ ആണ് ലോറിയിലുണ്ടായിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് നാട്ടുകാർ ലോറി വിട്ടുകൊടുത്തത്