100 കിലോ മീറ്റർ വേഗതയിൽ ആഞ്ഞടിക്കാൻ ഗാജ കൊടുങ്കാറ്റ് വരുന്നു; കനത്ത ജാഗ്രതാ നിർദേശം
ഗാജാ ചുഴലിക്കാറ്റ് കരയെ സ്പർശിക്കാനൊരുങ്ങവെ കനത്ത ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗാജ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിൽ 13 കിലോമീറ്റർ വേഗതിയിൽ സഞ്ചരിച്ച് ആൻഡമാൻ ദ്വീപുകൾക്ക് മുകളിലാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്
അടുത്ത 36 മണിക്കൂറിനുള്ളിൽ വടക്ക് തമിഴ്നാടിനും തെക്ക് ആന്ധ്ര പ്രദേശിനും തീരത്ത് പ്രവേശിക്കും. 65 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. നവംബർ 14ന് വടക്ക് തമിഴ്നാടും തെക്ക് ആന്ധ്രയിലും മധ്യപടിഞ്ഞാറും ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കിലോമീറ്റർ വരെയാകും. ചില സമയങ്ങളിൽ 100 കിലോമീറ്റർ വേഗതയിലും കാറ്റ് ആഞ്ഞുവീശും.
നവംബർ 12ന് ബംഗാൾ ഉൾക്കടലിൽ കാറ്റ് 75 കിലോമീറ്റർ വേഗതയിൽ വരെ വീശാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.