ഗജ ഇന്ന് വീണ്ടും ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളാ തീരത്ത് ശക്തമായ കാറ്റുണ്ടാകും
തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തി കുറഞ്ഞെത്തിയ ഗജ ചുഴലിക്കാറ്റ് ഇന്ന് വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കറ്റായി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.
കൊച്ചി തീരത്ത് നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ന്യൂനമർദം ഇപ്പോഴുള്ളത്. ചുഴലിക്കാറ്റ് തുടർന്നും പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 90 കിലോമീറ്റർ വേഗതിയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശും. മരങ്ങൾ, വൈദ്യുതി തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ ചെലവഴിക്കുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യാൻ പാടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു