മുന്നണിയിലേക്കുള്ള തിരിച്ചുവരവിൽ സന്തോഷമെന്ന് വീരേന്ദ്രകുമാർ; മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് ഗണേഷ്കുമാർ
ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ലോക് താന്ത്രിക് ജനതാദൾ അധ്യക്ഷൻ എം പി വീരേന്ദ്രകുമാർ. ആശയപരമായി യോജിച്ച് പോകാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.തറവാട്ടിലേക്കുള്ള മടക്കമെന്നായിരുന്നു ശ്രേയാംസ്കുമാറിന്റെ പ്രതികരണം.
മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. നേരത്തെ ബാലകൃഷ്ണ പിള്ളയും സമാന പ്രതികരണം നടത്തിയിരുന്നു. മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല കേരളാ കോൺഗ്രസ് ബി ഇടതുമുന്നണിയിൽ ചേർന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
നാല് കക്ഷികളെ കൂടി ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാൻ ഇന്നാണ് എൽഡിഎഫ് തീരുമാനിച്ചത്. കേരളാ കോൺഗ്രസ് ബി, ഐ എൻ എൽ, ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ പാർട്ടികളെയാണ് മുന്നണിയിൽ ഉൾപ്പെടുത്തിയത്.