ജി എൻ പി സി പൂട്ടിക്കാനൊരുങ്ങി എക്സൈസ്; അഡ്മിൻ അജിത് അറസ്റ്റിൽ
സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ ജിഎൻസിപി പൂട്ടിക്കാനൊരുങ്ങി എക്സൈസ് വകുപ്പ്. ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നൽകി.
ഗ്രൂപ്പിന്റെ അഡ്മിൻ അജിത്കുമാർ ഇന്നലെ അറസ്റ്റിലായിരുന്നു. ഗ്രൂപ്പിന്റെ 38 അഡ്മിൻമാർക്കെതിരെ പോലീസ് കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അജിത് ഒഴികെ ബാക്കിയുള്ളവരെല്ലാം ഒളിവിലാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഗ്രൂപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. 20 ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പാണ് ജി എൻ പി സി
മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ ഗ്രൂപ്പിൽ വന്നിരുന്നതായി പോലീസ് പറയുന്നു. കൂടാതെ കുട്ടികളുടെ ചിത്രവും മദ്യത്തിനൊപ്പം പ്രചരിപ്പിക്കുന്ന പ്രവണതകളും ഗ്രൂപ്പിൽ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് വകുപ്പ് പ്രകാരവും ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെ കേസെടുത്തിട്ടുണ്ട്
ഇന്നലെയാണ് നേമം സ്വദേശിയും ഗ്രൂപ്പിന്റെ സ്ഥാപകനുമായ അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്. കൂപ്പൺ വെച്ച് വീട്ടിൽ മദ്യവിൽപ്പന നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. ഇവരുടെ വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.