നാലരക്കിലോയോളം പണയ സ്വർണവുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മുങ്ങി
എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നാലരക്കിലോയോളം സ്വർണവുമായി ജീവനക്കാരി മുങ്ങി. ഓഫീസ് അസിസ്റ്റന്റ് കനകപ്പാലം അലങ്കാരത്ത് വീട്ടിൽ ജസ്ന അജി(30)ക്കെതിരെ പോലീസ് കേസെടുത്തു.
സ്വർണത്തിന് പകരം കവറുകളിൽ സാധരണ നാണയങ്ങൾ വെച്ചാണ് ഇവർ പണയ ഉരുപ്പടികൾ തട്ടിയത്. കോഴഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈൻസിയേഴ്സിന്റെ മാനേജർ ബിനോയ് വ്യാഴാഴ്ച രാത്രിയാണ് പോലീസിൽ പരാതി നൽകുന്നത്.
ജസ്നയെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. അമ്പതോളം ആളുകളുടെ പണയ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. 248 പായ്ക്കറ്റുകളിലായി 4.493 കിലോ സ്വർണമാണ് സൂക്ഷിച്ചിരുന്നത്. 1.40 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം കണക്കാക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ജസ്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. പലിശയടക്കാതെ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികൾ ഇവർ സ്വന്തമായി പലിശ അടച്ച ശേഷം സ്വർണം മാറ്റി അതേ തൂക്കത്തിൽ നാണയങ്ങൾ വെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇടപാടുകാർ എത്താതെ തന്നെ പലിശ അടക്കുന്നതിൽ സംശയം തോന്നിയ മറ്റൊരു ജീവനക്കാരിയാണ് ഓഫീസിൽ വിവരം അറിയിച്ചതും ലോക്കറിൽ പരിശോധന നടത്തിയതും