പരാതിയില്ലെങ്കിലും കേസെടുക്കും; ഹനാനെതിരെ സൈബർ ആക്രമണം നടത്തിയവരെ പോലീസ് പിടികൂടും
പഠിക്കാനായി മീൻ വിറ്റ് ചെലവിനായുള്ള തുക സമ്പാദിക്കുന്ന ഹനാൻ എന്ന വിദ്യാർഥിനിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിക്കുന്നവരെ പൂട്ടാനൊരുങ്ങി പോലീസിന്റെ സൈബർ സുരക്ഷാ വിഭാഗം. പരാതി ഒന്നും ലഭിച്ചില്ലെങ്കിലും ഇത്തരക്കാരെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്
വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. വാട്സാപ്പ് പുതിയ സുരക്ഷാ സംവിധാനം നടപ്പാക്കിയതോടെ അതുവഴി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ അനായാസം കണ്ടെത്താനാകുമെന്നും പോലീസ് വിലയിരുത്തുന്നു.
മാതൃഭൂമി പത്രമാണ് ഹനാന്റെ ജീവിത കഥ സംബന്ധിച്ച വാർത്ത ആദ്യം നൽകുന്നത്. പിന്നാലെ ഹനാന് തന്റെ ചിത്രത്തിൽ അവസരം നൽകുമെന്ന് പറഞ്ഞ് സംവിധായകൻ അരുൺ ഗോപി രംഗത്തുവന്നു. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ നാടകമാണെന്ന് ചിലർ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു. ഇതോടെ കടുത്ത സൈബർ ആക്രമണങ്ങൾക്കാണ് ഹനാൻ ഇരയായത്.