പ്രളയത്തിൽ മുങ്ങി കേരളം; സംസ്ഥാനമാകെ യുദ്ധസമാനമായ സ്ഥിതിവിശേഷം
അതിശക്തമായ മഴക്കെടുതിയിൽ വലഞ്ഞ് കേരളം. പത്തനംതിട്ട ജില്ലയിലാണ് അതിരൂക്ഷമായ സ്ഥിതി. ജില്ലയാകെ വെള്ളത്തിനടിയിലായ സ്ഥിതിയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. പകലോ രാത്രിയോ എന്നില്ലാതെ ദുരിതാശ്വാസ പ്രവർത്തകർ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് മാത്രം 7 പേർ മരിച്ചു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചവരുടെ എണ്ണം 40 ആയി മാറി. കൂടുതൽ നേവി, കരസേന സൈനികർ രക്ഷാപ്രവർത്തനത്തിനായി വിവിധയിടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്നും ഉരുൾപൊട്ടി
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ഗതികൾ തീർത്തും മോശമാണ്. പമ്പ നദീതീരത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. റാന്നിയിൽ പലരും വീടുകളിൽ കുടങ്ങിക്കിടക്കുകയാണ്. ഇന്നലെ രാത്രി ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും വെളിച്ചക്കുറവ് മൂലം നിർത്തിവെക്കേണ്ടതായി വന്നിരുന്നു. പുലർച്ചെയാണ് ഇവരെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിച്ചത്
പല റൂട്ടുകളിലെയും ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ആലപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ട്രെയിനുകളുടെ വേഗത കുറക്കാൻ നിർദേശം നൽകി.