സംസ്ഥാനത്ത് ആഗസ്റ്റ് 7ന് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
സംസ്ഥാനത്ത് ആഗസ്റ്റ് 7ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും ആഗസ്റ്റ് 7ന് സംസ്ഥാനത്താകെയും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഈ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചേക്കും. മുൻകരുതലെന്ന നിലയിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് മുതൽ കേരളം വരെയുള്ള തീരമേഖലയിൽ രൂപം കൊണ്ട മഴപ്പാത്തിയാണ് കനത്ത മഴക്ക് സാധ്യത വെക്കുന്നത്.
ആഗസ്റ്റ് 4ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ആഗസ്റ്റ് 5ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആഗസ്റ്റ് ആറിന് കാസർകോട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
ആഗസ്റ്റ് 6ന് കണ്ണൂർ കോഴിക്കോട് ജില്ലകളിലും ആഗസ്റ്റ് 7ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ അന്നേ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.