മഴക്കെടുതിയിൽ നാല് മരണം; കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ ഇതുവരെ നാല് മരണം. കോഴിക്കോട് ജില്ലയിൽ രണ്ട് പേരും ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. മൂന്ന് പേരെ കാണാതായിട്ടുണ്ട്
രണ്ട് പേർ മരം വീണും ഒരാൾ ഷോക്കേറ്റും മരിച്ചു. ഒരാൾ മഴയിൽ റോഡിൽ തെന്നുകയും ബസിനടിയിൽപ്പെട്ട് മരിക്കുകയുമായിരുന്നു. കാണാതായ മൂന്ന് പേരിൽ ഒരു ഏഴ് വയസ്സുകാരനുമുണ്ട്
സംസ്ഥാനത്ത് മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ മഴ അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴ ശക്തിപ്പെടാൻ കാരണം
കനത്ത മഴയിൽ പമ്പാ നദി കരകവിഞ്ഞു. പുനലൂർ മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറുന്നു. തിരുവനന്തപുരം നെയ്യാർ ഡാമിന്റെയും ഷട്ടറുകൾ തുറന്നു. വയനാട് ബാണാസുര സാഗർ ഡാം ഷട്ടറുകൾ ഏതുനിമിഷവും തുറക്കുമെന്നാണ് അറിയിപ്പ്
എറണാകുളത്ത് മിക്ക റോഡുകളും വെള്ളത്തിനടിയിലായി. സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതിനാൽ ആലപ്പുഴ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു