രണ്ട് ദിവസത്തേക്ക് ശക്തമായ മഴയെന്ന് മുന്നറിയിപ്പ്; 60 കിലോമീറ്റർ വേഗതിയിൽ കാറ്റ് വീശും
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ തീരത്ത് രൂപം കൊണ്ട ന്യൂനമർദം മൂലം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതിയിൽ കാറ്റ് വീശും. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകി
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. കാസർകോട് കുന്നംകയ്യിൽ സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണു. മണ്ണിനടിയിൽ ഒരാൾ പെട്ടതായി സംശയത്തെ തുടർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇടമലയാർ, കക്കി, പമ്പ, മലമ്പുഴ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. മാട്ടുപെട്ടി ഡാമിന്റെ ഒരു ഷട്ടർ ചൊവ്വാഴ്ച ഒമ്പത് മണിക്ക് തുറക്കും. വാളയാർ, ചുള്ളിയാർ അണക്കെട്ടുകളും ഇന്ന് തുറക്കും