പമ്പ വെള്ളത്തിൽ മുങ്ങി; ശബരിമല സന്നിധാനം ഒറ്റപ്പെട്ടു
പത്തനംതിട്ട: പമ്പ, ആനത്തോട് ഡാമുകൾ വീണ്ടും തുറന്നുവിട്ടതോടെ പമ്പാ ത്രിവേണി വെള്ളത്തിൽ മുങ്ങി. ശബരിമല ക്ഷേത്രനട തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കാനിരിക്കെയാണ് വെള്ളപ്പൊക്കമുണ്ടായത്. കടകളും മറ്റും പൂർണമായും വെള്ളത്തിൽ മുങ്ങി.
ഇതോടെ തീർഥാടകരെ പത്തനംതിട്ടയിലും എരുമേലിയിലുമായി തടയുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണിത്. ഇന്നലെ മുതൽസ ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ശബരിമല സന്നിധാനവും ഒറ്റപ്പെട്ട് കിടക്കുകയാണ്
പമ്പയിലെ ശർക്കര ഗോഡൗണിൽ വെള്ളം കയറി. ഹോട്ടലുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു. അപകടകരമായ സാഹചര്യമായതിനാൽ ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.