ദുരിതം വിതച്ച് പേമാരി തുടരുന്നു: സംസ്ഥാനത്ത് ഇന്ന് നാല് മരണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറി

  • 71
    Shares

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് പേമാരി തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് നാല് പേർ മരിച്ചു. മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും മൂന്നാറിൽ ലോഡ്ജ് തകർന്ന് ഒരാളും റാന്നിയിൽ ഷോക്കേറ്റ് ഒരാളും മരിച്ചു.

കൊണ്ടോട്ടിയിലാണ് വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചത്. പൂച്ചാലിൽ കല്ലാടിപ്പാറയിൽ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള കുട്ടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. തിരച്ചിൽ തുടരുകയാണ്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മറ്റ് രണ്ട് മക്കൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അസീസും ഭാര്യയും മകളും കിടന്ന മുറിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

മൂന്നാറിൽ ലോഡ്ജിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി മദനൻ എന്നയാളാണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇൻ എന്ന ലോഡ്ജാണ് തകർന്നത്. ലോഡ്ജിലുണ്ടായിരുന്ന ഏഴ് പേർ രക്ഷപ്പെട്ടു. റാന്നിയിൽ ഇട്ടിയപ്പാറ ബൈപ്പാസിൽ വെള്ളകയറി വീടിനുള്ളിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ചുഴുകുന്നിൽ ഗ്രേസിയാണ് മരിച്ചത്

പതിനെട്ടാം തീയതി വരെ കനത്ത മഴയക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ടായിരിക്കും. ഇടുക്കിയിൽ 17 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 16വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ വെള്ളം കയറി. ഇവിടെ നിന്നുള്ള സർവീസ് രണ്ട് മണി വരെ നിർത്തിവെച്ചു. റൺവേ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. അതിരപ്പള്ളിയിൽ കനത്ത മഴ തുടരുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. കോഴിക്കോട് സ്വാതന്ത്ര്യ ദിന പരേഡിനോടനുബന്ധിച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന വിദ്യാർഥികളുടെ കലാപരിപാടികൾ റദ്ദാക്കി

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *