കണ്ണൂരിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് വിദ്യാർഥിനി മരിച്ചു
കണ്ണൂർ പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു.
കാഞ്ഞിരക്കാട് സിറിയക്കിന്റെയും സെലിയുടെയും മകൾ സിതാരയാണ് മരിച്ചത്. സിറിയക്, സെലിൻ, ഓട്ടോ ഡ്രൈവർ വിനോദ് എന്നിവരെ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം നടന്നത്.
പേരാവൂർ ഇരിട്ടി റോഡിൽ കല്ലേരിമലയിൽ വെച്ചാണ് റോഡരികിൽ നിന്ന കൂറ്റൻ മരം ഓട്ടോ റിക്ഷയിലേക്ക് മറിഞ്ഞു വീണത്. സംഭവസമയം ഇതുവഴി കടന്നുപോയ സണ്ണി ജോസഫ് എംഎൽഎയുടെ വാഹനത്തിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
പേരാവൂർ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ കാറ്റാണ് വീശുന്നത്. കനത്ത നാശനഷ്ടങ്ങളാണ് കാറ്റിലുണ്ടായിരിക്കുന്നത്